ഞങ്ങളുടെ വീടിന്റെ പുറകിലും ഇവിടെ മിക്ക വീടുകൾക്കും ഉള്ള പോലെയൊരു പുൽത്തകിടി ഉണ്ട്. അവിടെ സ്ഥിരം സന്ദർശകരായ കുറെ പക്ഷികളും ഉണ്ട്. അവർക്കായിട്ടു എല്ലാ അവധിദിവസങ്ങളിലും ഞാൻ കുറച്ച സമയം മാറ്റിവയ്ക്കാറുണ്ട്.
അവരെ നോക്കിനിൽക്കുമ്പോൾ നേരം പോകുന്നത് അറിയുകയേയില്ല. എന്റെ കിച്ചണിൽ ഞാൻ ചിലവഴിക്കുന്ന നേരങ്ങളിൽ അവരെനിക്ക് നല്ലൊരു എന്റർടൈൻമെന്റ് കൂടിയാണ്. ഇവരുടെ കിളിനാദവും കുറുകലും ഇല്ലാത്ത ഒരു പ്രഭാതമോ സന്ധ്യയോ ഇല്ല എന്ന് തന്നെ പറയാം.
ഇവരിൽ റോബിൻ, സ്റ്റാർലിങ്, കറുത്ത തൂവൽ ഉള്ള പക്ഷികൾ, കുരുവികൾ, പ്രാവുകൾ ഒക്കെ ഉണ്ട്. പലരുടെയും പേര് എനിക്കൊട്ടറിയുകയുമില്ല. എന്നാലോ എന്റെ വായിൽ വരുന്ന വിചിത്രമായ പേരുകളൊക്കെ വിളിച്ചാൽ ഒട്ടു പരിഭവം ഇല്ലതാനും.
എന്നാൽ ഒരു കൂട്ടം ഞാൻ പറയാം .. എന്താന്നല്ലേ? എന്റെ സന്തോഷങ്ങളിൽ ഇവരും പങ്കാളികളാണ്. എന്റെ വീട്ടിലുള്ളയാൾ ജോലിക്കു പോകുമ്പോൾ എനിക്ക് കമ്പനി ഇവരാണ്.
ഞാൻ അവർക്കായിട്ടു വെച്ചിരിക്കുന്ന തീറ്റയും കഴിച്ചു വെള്ളവും കുടിച്ചു കുറച്ചു നേരം അവിടെയിവിടെയായിട്ടു നടന്നും പറന്നുമൊക്കെ അവിടെയുണ്ടാകും. ചിലപ്പോൾ ചില കൊച്ചുവാർത്തമാനങ്ങളും പറയാറുണ്ട്.
എന്റെ ഒട്ടും ജഡ്ജ്മെന്റൽ അല്ലാത്ത കൂട്ടുകാർ.
ഒന്നോർത്താൽ അവർ എത്ര ഭാഗ്യവാന്മാരാ അല്ലെ .. അവരെ ഒന്നും തന്നെ ബാധിക്കുന്നേയില്ല.. ശരിയോ തെറ്റോ സത്യമോ കളവോ നന്മയോ തിന്മയോ സന്തോഷമോ സങ്കടമോ ജയമോ തോൽവിയോ ഒന്നും തന്നെ..
അജ്ഞത ആനന്ദമാണ് എന്ന് പറയുന്നത് എത്രയോ ശരിയാണല്ലേ..


Much Love,
~Chinchu Gibu
Leave a Reply