മണർകാട് പള്ളിയിൽ ഒരു മഹാത്ഭുതമുണ്ട്. അവിടെ നിറസാന്നിധ്യമായുള്ള ചൈതന്യം.
‘അമ്മ ..
പരിശുദ്ധ കന്യകാമറിയം അമ്മയെ കുറിച്ച് പറയുമ്പോൾ എന്തേ ഇത്ര വാചാലയാകുന്നത് എന്ന് ചോദിക്കുന്നവർ പലരുണ്ടാവാം.
പക്ഷെ വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റുന്നതിലും അപ്പുറമാണ് അമ്മയുടെ ചാരത്തു നിന്ന് പുത്രനോട് പ്രാർത്ഥിക്കുമ്പോൾ കിട്ടുന്ന അനുഭൂതി.
അമ്മയുടെ സന്നിധിയിൽ എത്തുമ്പോൾ സ്വർഗത്തിൽ എനിക്കായി, മറ്റനേകർക്കായി ഉയരുന്ന പ്രാർത്ഥനകൾ ഞാൻ കേൾക്കാറുണ്ട്. അമ്മയുടെ വാത്സല്യ ശോഭയുള്ള ആ തിരുമുഖത്തേക്കു നോക്കുമ്പോൾ തന്റെ പുത്രനിലുള്ള വിശ്വാസവും തന്റെ പിതാവിലുള്ള സമർപ്പണവും ഞാൻ കാണാറുണ്ട്. അതിലും അപ്പുറം അമ്മയോടൊപ്പം നിന്ന് പുത്രനോടപേക്ഷിക്കുമ്പോൾ ഒരു ദൈവിക ശക്തി എന്നിൽ നിറയുന്നത് ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്, ഇപ്പഴും അങ്ങനെ തന്നെ ..
പണ്ടൊരിക്കൽ നടന്നൊരു കഥ പറയാം. ഞങ്ങൾ കുടംബസമേതം എട്ടു നോമ്പ് പെരുന്നാൾ കൂടാൻ പള്ളിയിൽ പോയ കഥ. ഞാൻ സ്കൂളിൽ പഠിക്കുന്ന സമയമാണ്. എട്ടു നോമ്പ് എന്നത്തേയുംപോലെ അന്നും എന്റെ വിശ്വാസവും വികാരവും ആണ്. അന്ന് ഞങ്ങൾ തിരികെ വന്ന ബസിൽ ഭയങ്കര തിരക്കായിരുന്നു. കുറച്ചു ഇങ്ങോട്ടു വന്നപ്പോൾ പെട്ടെന്നൊരു ശബ്ദം കേട്ടു, പിന്നെ ബസിൽ നിന്ന് പുകയും വരാൻ തുടങ്ങി. എല്ലാവരും ഭയന്നുപൊയി. പലരും ബസിൽ നിന്നും ജനൽ വഴിയും വാതിൽ വഴിയും ഒക്കെ പുറത്തേക്കു ചാടി. തള്ളിൽ പെട്ട് എന്റെ പപ്പയും മമ്മിയും ആങ്ങളയും ഒക്കെ വെളിയിൽ എത്തി. ഞാൻ ബസിൽ തന്നെ ഇരുന്നു. പേടിക്കേണ്ട എന്ന് ആരോ പറഞ്ഞപോലെ. ആരൊക്കെയോ അറ്റകുറ്റ പണികൾ ചെയ്തു ബസ് ശരിയാക്കി, തുടക്കത്തിൽ ആളുകൾ തിക്കിത്തിരക്കി യാത്ര ചെയ്ത വണ്ടിയിൽ പിന്നങ്ങോട്ട് വലിയ തിരക്കുണ്ടായില്ല അതേ വണ്ടിയിൽ തന്നെ ഞങ്ങൾ സുഖമായി വീട്ടിലെത്തി.
പിന്നീട് മമ്മി ചോദിച്ചു നിനക്കു പേടി തോന്നിയില്ലേ , എന്തെ നീ ബസിൽ തന്നെ ഇരുന്നത് എന്ന്. അപ്പോൾ ഞാൻ പറഞ്ഞു ‘അമ്മ നമ്മുക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ എന്ത് പേടിക്കാനാ, ഇപ്പോൾ എല്ലാം പറഞ്ഞിട്ട് ഇങ്ങോട്ടു വന്നല്ലേ ഉള്ളു എന്ന്. പിന്നെ എന്റെ എല്ലാവരും എന്റെ കൂടെ ഉള്ളപ്പോൾ ഞാൻ എന്തിനു പേടിക്കണം.
ഇതൊരു കുഞ്ഞു മനസ്സിൽ തോന്നിയ പോഴത്തമൊന്നുമല്ല. ഇന്നും ജീവിതത്തിൽ പലപ്പോഴായി കടന്നു പോകുന്ന പരീക്ഷകളെ അതിജീവിക്കാൻ ദൈവം തന്ന ശക്തി തന്നെ ഇതെന്ന് ഞാൻ വിശ്വസിക്കുന്നു.
പരിശുദ്ധ ‘അമ്മ എന്നോടൊപ്പവും എനിക്കുവേണ്ടിയും പുത്രനോട് അപേക്ഷിക്കുന്നു എന്നുള്ള വിശ്വാസവും പ്രത്യാശയും എന്നും നമ്മളെ ബലപ്പെടുത്തട്ടെ..
എന്ന് പ്രാർത്ഥനയോടെ അതിലേറെ സ്നേഹത്തോടെ ,
~ചിഞ്ചു ജിബു 😊
N.B. (ഭാഷയിൽ ഉള്ള തെറ്റുകൾ ക്ഷമിക്കണേ എന്ന് അപേക്ഷിക്കുന്നു)
Leave a Reply