ചിലപ്പോഴെങ്കിലും ജീവിതത്തിൽ തോറ്റുപോയിട്ടുള്ളവരാണ് നമ്മളിൽ പലരും. ഏറ്റവും വിചിത്രം അത് ജീവിതത്തിൽ നേരിടേണ്ടിവന്ന സാഹചര്യമോ പരീക്ഷകളോ കാരണമല്ല എന്നുള്ളതാണ്. പലപ്പോഴും അത് നല്ല സുഹൃത്തുക്കൾ എന്ന് കരുതി ചേർത്തുനിർത്തുന്ന ആളുകളിൽ നിന്നും ലഭിക്കുന്ന തിരിച്ചടികളാലാണ്.
ഒരാളിന്റെ ഉള്ളിൽ സൗഹൃദമാണോ സ്നേഹമാണോ ചതിയാണോ നീരസമാണോ എന്നൊക്കെ എങ്ങനെ അറിയാനാകും. ആട്ടുംതോലിട്ട ചെന്നായ്ക്കൾ നിറഞ്ഞ ലോകത്തിൽ തിരിച്ചറിയാനുള്ള കഴിവ് വളരെ അത്യാവശ്യമാണ്. എന്ന് കരുതി ഇതിലൊക്കെ ഡിഗ്രി എടുത്താലേ ജീവിക്കാനാകുള്ളൂ എന്നൊന്നുമില്ലല്ലോ.
ഈ ലോകത്തിൽ ഇതൊന്നും പുതിയ സംഭവമല്ലാത്തതു കൊണ്ട് തന്നെ ഇതിൽ ഒട്ടും ആശ്ചര്യപ്പെടാനുമില്ല. ഇതിൽ ഒന്നേയുള്ളു ചെയ്യാൻ, തിരിച്ചടികൾ നേരിടുമ്പോൾ, അതിൽ നിന്നും പാഠം പഠിക്കുക.
പിന്നെ ഇതൊക്കെ പോട്ടെടോ ഇതിലും വലുത് എത്രയോ നമ്മൾ നേരിട്ടിരുന്നു എന്ന ലാഘവത്തോടെ ആ അധ്യായം അടയ്ക്കുക,അത്ര തന്നെ. അപ്പോൾ കിട്ടുന്നൊരു ആത്മസംതൃപ്തിയുണ്ട്, അത് പറഞ്ഞറിയിക്കാനാകില്ല.
ഒന്നോർത്താൽ ഇത് നമ്മുടെ തോൽവി ആണോ? നാം അർപ്പിച്ച വിശ്വാസത്തിന്റെയും, നമ്മൾ കാത്തുസൂക്ഷിക്കുന്ന സൗഹൃദത്തിന്റെയും മൂല്യം മനസ്സിലാക്കാത്ത അവരുടെ തോൽവി അല്ലേ?
ഈ വിഷയം നിങ്ങളുടെ ചിന്തക്കായി വിടുന്നു..
ഒരുപാടു സ്നേഹത്തോടെ ❤️,
~ചിഞ്ചു ജിബു
Leave a Reply