പല ദിവസങ്ങളിലും ഉണ്ണിയേശുവിനെ താലോലിക്കുന്ന മാതാവിന്റെ ചിത്രത്തിൽ എന്റെ കണ്ണുകൾ ഉടക്കി നിൽക്കാറുണ്ട്. എന്തൊരു തേജസ്സാണ് ആ മുഖത്ത്. എത്ര സങ്കടങ്ങൾ ഉള്ളിൽ ഉണ്ടായാലും അമ്മയുടെ മുഖം കാണുമ്പോൾ എന്തൊരാശ്വാസമാണ്. പിന്നെയുള്ള സംഭാഷണം ഒക്കെ കണ്ണുകൾ തമ്മിലാണ്. അമ്മേ നീ പ്രാർത്ഥിക്കുമ്പോൾ ഞങ്ങളുടെ കാര്യംകൂടി പറയാറുണ്ടല്ലോ അല്ലെ എന്നുള്ള എന്റെ ചോദ്യത്തിന് എല്ലാം പറഞ്ഞിട്ടുണ്ട് എന്ന് പറയുംപോലെ ഒരു നോട്ടം നോക്കും.
ആരാണ് പരിശുദ്ധ ‘അമ്മ?
ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവൾ.. സ്ത്രീകളിൽ ഏറ്റം അനുഗ്രഹിക്കപ്പെട്ടവൾ.. ഇത്രയ്ക്കു ഭാഗ്യം ലഭിച്ച വേറെ ഏതൊരു വ്യക്തിയുണ്ട് എന്നുപോലും ചിന്തിക്കാറുണ്ട്..
വചനത്തെ ശ്രവിച്ചവൾ
വചനത്തെ ഉൾക്കൊണ്ടവൾ
വചനത്തെ ഉദരത്തിൽ ഏറ്റവൾ
വചനത്തെ ജീവിച്ചവൾ
എന്നൊക്കെ അല്ലെ പരിശുദ്ധ അമ്മയെ പറ്റി നമ്മൾ കേട്ടിട്ടും അറിഞ്ഞിട്ടും പഠിച്ചിട്ടും ഉള്ളത്.
അതെ..ദാവീദിന്റെ ഗോത്രവംശജരായ ജോവാക്കിമിന്റെയും അന്നയുടെയും വാർധക്യത്തിൽ പിറന്ന മകളായ മറിയം തന്റെ മൂന്നാം വയസ്സ് മുതൽ ദേവാലയത്തിൽ വളർന്നു ദൈവത്തെ അറിഞ്ഞു ജീവിച്ച ഒരു ദൈവപൈതൽ തന്നെ ആയിരുന്നു.
എന്നിട്ടും എവിടെയൊക്കെയോ ആ ജീവിതത്തിലും സഹനത്തിന്റെയും മറ്റുള്ളവരുടെ തെറ്റിദ്ധാരണയുടെയും കുത്തുവാക്കുകളുടെയും ഒക്കെ ഒരു ഭാഗവും ഉണ്ടായിട്ടുണ്ട് എന്നതും ശരി തന്നെ..
ഇത്രയ്ക്കും ദൈവത്തിനു പ്രിയപ്പെട്ടവൾ ആയിട്ടും എന്തുകൊണ്ട് ഇങ്ങനെ എന്ന് ആലോചിക്കുമ്പോൾ, കർത്താവിന്റെ കുരിശോളം വരില്ലല്ലോ ഈ പരീക്ഷണങ്ങൾ എന്ന് ഞാൻ ആശ്വസിക്കാറുണ്ട്.
പക്ഷെ എന്നെ ആശ്ചര്യപ്പെടുത്തുന്നത് മറ്റൊന്നാണ് ..
ഇതാ ഞാൻ കർത്താവിന്റെ ദാസി നിന്റെ വാക്കു പോലെ എന്നിൽ ഭവിക്കട്ടെ എന്ന് ദൂതനോട് പറഞ്ഞു ഇത്ര നിസ്സാരമായി നിസ്സംശയം ദൈവതിരുസന്നിധിയിൽ തന്നെത്തന്നെ സമർപ്പിക്കുവാൻ കഴിയണമെങ്കിൽ അവരുടെ വിശ്വാസത്തിന്റെ ആഴം നമ്മുടെ അളവുകോലിനും എത്രയോ അപ്പുറമാന്നെന്ന്..
ഈ എട്ടു നോമ്പ് പെരുന്നാളിൽ അമ്മയോടൊപ്പം നമ്മുക്കും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും തിരുനാമം മഹത്വപ്പെടുത്താം..
Much Love and God bless
~ Chinchu Gibu
Leave a Reply