My Profound Thoughts

Simple yet subtle.. Profoundly silly yet thought-provoking.. Sums up life..


ബാല്യം: വിസ്മയോർമ്മകളുടെ കാലിഡോസ്കോപ്പ്‌


കുട്ടിക്കാലത്തെ കുറിച്ചു എത്ര സംസാരിച്ചാലും മതിവരില്ല എന്ന് അവൾക്ക് തോന്നാറുണ്ട്. അകാലത്തിൽ പക്വതയാർജിക്കുന്ന ഇന്നത്തെ തലമുറയെ കാണുമ്പോൾ നിഷ്കളങ്കത നിറഞ്ഞുതുളുമ്പിയ അവളുടെ ബാല്യംകാലം അവൾ കൂടുതൽ ഹൃദയത്തോട് ചേർക്കാറുണ്ട്. അവിടെ സ്നേഹത്തിനും കരുതലിനും അതിർവരമ്പുകൾ ഉണ്ടായിരുന്നില്ല. അവിടെ നന്മയും ക്ഷമയും ഒക്കെ നിറഞ്ഞു നിൽക്കുന്നു. അവിടെ പ്രകൃതിയുണ്ട് മനുഷ്യരുണ്ട് ഒത്തൊരുമയുണ്ട്.

** അതൊക്കെ ഒരു കാലം—ആത്മഗതം. **

നാട്ടിൽ പോയിട്ട് വന്നിട്ടിപ്പോൾ ഒരാഴ്ചയായി, അവൾ നാലുമണി ചായക്കൊപ്പം തന്റെ അവധിക്കാലം അയവിറക്കി സോഫയിൽ ഇരുന്നു. പെട്ടെന്ന് എന്തോ ഓർത്തത് പോലെ ചായ ടീപ്പോയിൽ വെച്ചിട്ടു അവൾ ബാഗ് തുറന്ന് ക്യാമറ എടുത്തു, എടുത്ത ഫോട്ടോകൾ ഒന്നൊന്നായി നോക്കി. അവളുടെ വീടിന്റെ ഇരുവശത്തും ജാതിമരങ്ങൾ വരി വരിയായി നിൽക്കുന്നുണ്ട്, അതിൽ നിന്നും വീഴുന്ന ഇലകൾ പപ്പയ്ക്കും മമ്മിക്കും തലവേദനയാകാറുണ്ടെങ്കിലും, ആ മരങ്ങൾ അവൾക്ക് എറ്റവും പ്രിയപ്പെട്ടവയാണ്.

അതിൽ അവളും അപ്പച്ചനും ഒരുമിച്ചു നട്ടവയുമുണ്ട്. ഈയിടെയായിട്ടുള്ള ചൂടിന്റെ ആധിക്യം കുറയ്ക്കാൻ ഇവയുടെ തണൽ ഒരു പരിധിവരെ സഹായിക്കുന്നുണ്ട്. മാത്രമല്ല എന്തോരം പറവകളും അണ്ണാറക്കണ്ണന്മാരും ആ മരങ്ങളെ ആശ്രയിക്കാറുണ്ടെന്നോ, ഒരു ബഹളം തന്നെയാ അവിടെ..

ജാതിമരങ്ങൾ വയ്ക്കും മുൻപേ അവിടെ വാഴയും കപ്പളവും ഒക്കെ ഉണ്ടായിരുന്നു. ഒരിക്കൽ പശു കയറഴിഞ്ഞു വന്നു ആ വാഴയും കപ്പളവും ഒക്കെ മറിച്ചിട്ടു. ആ രാത്രി ഇന്നലെയെന്നപോലെ അവൾ ഓർക്കുന്നു. അന്ന് പപ്പ സൗദി അറേബ്യയിലാണ്. വീട്ടിൽ മമ്മിയും അനിയനും അവളുമേ ഉണ്ടായിരുന്നുള്ളു. ഡ്രാക്കുളയുടെ കഥകേൾക്കണം എന്ന് വാശിപിടിച്ച അവർക്ക് മമ്മി കഥയൊക്കെ പറഞ്ഞു കൊടുത്തു. പക്ഷെ പിന്നെ ഒറ്റയ്ക്ക് ഉറങ്ങാൻ കിടന്ന അവൾ വീടിന്റെ വെളിയിൽ ശബ്ദങ്ങൾ ഒക്കെ കേട്ട് പേടിച്ചുവിറച്ചു കിടന്നു. അന്നൊക്കെ അവളോർത്തത് പേടിയുള്ളപ്പോൾ കണ്ണടച്ചു തലവരെ മൂടിപൊതച്ചുകിടന്നാൽ ആർക്കും ഒന്നും ചെയ്യാനാവില്ല എന്നാണ്. എപ്പഴോ ഉറങ്ങിയ അവൾ പിറ്റേദിവസം രാവിലെയാണ് അറിയുന്നത് രാത്രിയിൽ അവളെ പേടിപ്പിച്ച വില്ലൻ ഡ്രാക്കുളയായിരുന്നില്ല കയറഴിഞ്ഞു നടന്ന പശുവായിരുന്നു എന്ന്.

ഒന്നോർത്തെടുക്കാനാണെങ്കിൽ അങ്ങനെ എത്രയെത്ര കഥകളുണ്ട്, ചെറുപുഞ്ചിരിയോടെ അവളോർത്തു. തന്റെ വീടിന്റെയും ചുറ്റുമുള്ള പ്രകൃതിയുടെയും ഓരോ ഫോട്ടോയും കാണുമ്പോൾ ഇന്നും തന്റെ കുട്ടിക്കാലത്തെ ഓർമിപ്പിക്കുന്ന കാഴ്ചവിസ്മയങ്ങൾ ഒരു കാലിഡോസ്കോപ്പിൽ എന്നോണം അവൾ കണ്ടു. ഇടയ്ക്കൊക്കെ അയവിറക്കാൻ അവൾ കാത്തുസൂക്ഷിക്കുന്ന ഒരുപിടി കുട്ടിക്കഥകളുടെ ഓർമ്മച്ചെപ്പ് അടച്ചുകൊണ്ട് അവൾ ക്യാമറ ഭദ്രമായി എടുത്തു വെച്ചു.

അടുത്ത കഥയുമായി വരുംവരെ,

ഏറെ സ്നേഹത്തോടെ ❤️

~ ചിഞ്ചു ജിബു

ജാതിമരങ്ങൾ (Nutmeg Trees)
❤️❤️


Leave a comment

About Me

I am Chinchu Kuriakose aka Chinchu Gibu. I am a writer/ blogger with a vision of spreading positivity and good cheer to the world and a Clinical Research Nurse by profession, working in Cancer Research. The creative side of me adores nature, humanity, romance and emotions; while the professional side of me works on research protocols and evidence-based practice. When a feeling, a moment, a thought or a memory touches my heart, it flows as words. I do it with passion; I do it with love. Yes, it is my profound thoughts that I would like to think a bit louder, so I could share a piece of it with the outer world.

Newsletter